ഉള്ളടക്കത്തിലേക്ക് പോകുക

കൊച്ചിൻ ഹനീഫ പുതിയ ചിത്രവുമായി..

Published: at 12:00 AM

അഭിനയജീവിതത്തിൽ വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാള സിനിമയിൽ അംഗീകാരം സൃഷ്ടിച്ച അഗ്രഗണ്യനായ നടനാണ് കൊച്ചിൻ ഹനീഫ. അധികവും വില്ലൻ വേഷങ്ങളിലൂടെയാണ് ഹനീഫ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഒരു പ്രത്യേക സ്റ്റൈലിൽ വില്ലൻന്റെ റോൾ അവതരിപ്പിക്കുന്ന ഹനീഫ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്തത് കുറഞ്ഞൊരു കാലയളവു കൊണ്ടാണ്.

കൊച്ചിൻ ഹനീഫയുടെ പഴയ ചിത്രം (കൊച്ചിൻ ഹനീഫയുടെ പഴയ ചിത്രം)

മുഖത്തുവരുത്തുന്ന ഭാവാഭിനയത്തിൽ കൃത്രിമത്വമില്ലെന്ന് തെളിയിക്കാൻ ഹനീഫയുടേതായി നിരവധി കഥാപാത്രങ്ങൾ നിരത്തിവെക്കാൻ കഴിയും. വ്യത്യസ്‌തശൈലിയും അവതരണത്തിലുള്ള പ്രത്യേകസിദ്ധിയുമാണ്   ഹനീഫയെ ഫീൽഡിൽ പിടിച്ചുനിർത്തിയത്.

അഭിനയ സാധ്യതകളുള്ള  ചിത്രങ്ങളിൽ നല്ല അഭിനയം പ്രകടമാക്കാൻ ഹനീഫയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങൾക്ക് ഇന്നത്തെ പല വില്ലൻ നടന്മാരെക്കാളും തേജസും ഓജസും നൽകിയ നടനാണ് ഹനീഫ. ഹനീഫ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ ഇതു ബോധ്യമാകും.

ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിൽ ഹനീഫ ഒരു പൊട്ടൻ്റെ വേഷമായിരുന്നു ചെയ്തിരുന്നത്. ആ പൊട്ടൻ വേഷം ഹനീഫയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. ആട്ടക്കലാശം, ധീര, താളം തെറ്റിയ താരാട്ട്, ആ രാത്രി തുടങ്ങി എത്രയെത്ര ചിത്രങ്ങളിലാണ് ഹനീഫ അഭിനയത്തിൻ്റെ നിപുണത തെളിയിച്ചിരിക്കുന്നത് . വ്യത്യസ്‌ത  കഥാപാത്രങ്ങൾക്കു ജീവനേകി സംതൃപ്തിയുടെ ഉച്ചകോടിയിലെത്തിയ പ്രേക്ഷകലക്ഷങ്ങൾ ഹനീഫയെ സഹർഷം സ്വീകരിച്ചു.

അഭിനയത്തിൽ മാത്രമല്ല കഥാരചനയിലും ഹനീഫ സമർത്ഥനാണ്. ഇതിഹാസം, ആരംഭം, കൊടുങ്കാറ്റ്, ധീര തുടങ്ങിയ ചിത്രങ്ങളുടെ കഥ ഹനീഫയുടേതായിരുന്നു.  എല്ലാം ഹിറ്റ് ചിത്രങ്ങളാണ്. സംഭവബഹുലമായ കഥയ്ക്ക് ജോഷി സിനിമാരൂപം നൽകിയപ്പോൾ എല്ലാം വിജയിച്ചു. അക്കാലയളവിൽ ജോഷി-കൊച്ചിൻ ഹനീഫ ടീം പ്രേക്ഷകർക്കും ഒരു  ഹരമായിരുന്നു. നിരവധി ചിത്രങ്ങളുടെ   തിരക്കഥ-സംഭാഷണവും ഹനീഫ തയാറാക്കിയിട്ടുണ്ട്. അടിസ്ഥാനവും അടിത്തറയുമുള്ള കരുത്തുറ്റ തിരക്കഥയ്ക്ക് കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾ എഴുതുന്നതിൽ ഹനീഫ മികവുകാട്ടി. നൂറിലധികം ദിവസങ്ങളോടിയ താളം തെറ്റിയ താരാട്ടിൻ്റ തിരക്കഥ- സംഭാഷണം ഹനീഫ എഴുതിയതായിരുന്നു. 

ഈ അടുത്തകാലത്തിറങ്ങിയ “ഒരു സന്ദേശംകൂടി”  എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേയ്ക്കും കാലുറപ്പിച്ചു. സിനിമയുടെ ഓരോ ഫ്രെയിമും വിശകലനം ചെയ്യാൻ കഴിവുള്ള സംവിധായകനാണ് താനെന്ന് ആ ചിത്രത്തിലൂടെ ഹനീഫ തെളിയിച്ചു. 

ഈയിടെ പ്രിയദർശൻ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ തിരുവനന്തപുരത്തെത്തിയ ഹനീഫയെ മസ്കറ്റ് ഹോട്ടലിൽവച്ചു കണ്ടപ്പോൾ ചോദിച്ചു  “സംവിധാനരംഗത്തേയ്ക്ക് കടന്നിരിക്കുന്ന താങ്കൾ ഇനിയും അഭിനയരംഗത്തുമാത്രമായി ഒതുങ്ങിക്കൂടുകയാണോ?”