അപൂർവ്വമായ അഭിനയ പ്രതിഭ കൊണ്ടും തിരുവനന്തപുരത്തുള്ള നാടക പ്രേമികളുടെ യാകമാനം ശ്രദ്ധ പിടിച്ചു പറ്റിയ നടനായിരുന്നു ഗോപി. അങ്ങിനെയിരിക്കേയാണ് അടൂർ ഗോപാലകൃഷ്ണനുമായുള്ള പരിചയം ഗോപിയെ സിനിമാ നടനാക്കിയതും. കൊടിയേറ്റം എന്ന ആദ്യ ചിത്രത്തി ലൂടെ ഗോപിക്കു രണ്ടു സ്ഥാനപ്പേരുകൾ നേടിയെടുക്കാനായി. ഒന്നു കൊടിയേറ്റം ഗോപിയും, മറെറാന്നും ഭരത് ഗോപിയും . കൊടിയേറ്റത്തിലെ പ്രധാന കഥാപാത്രമായ ശങ്കരൻകുട്ടി ഗോപിയുടെ അസാധാരണമായ പ്രകടനം കൊണ്ടും അതീവശ്രദ്ധേയമായിത്തീർന്നു. ‘നന്മകളാൽ സമൃദ്ധമായ’ നാട്ടിൻ പുറത്തുകാരൻ ശങ്കരൻകുട്ടി, ശുദ്ധനായിരുന്നു . ആ ശുദ്ധതയ്ക്ക് ഗോപി എന്ന നടൻ പുതിയ മാനങ്ങൾ നൽകി. അതു അംഗീകരിക്കാതിരിക്കാൻ ഇന്ത്യയിലെ അത്യുന്നതമായ അവാർഡ് നിശ്ചയിക്കുന്ന കമ്മിറ്റി അംഗങ്ങൾക്കു പോലും കഴിഞ്ഞില്ല
അങ്ങിനെ ഒറ്റ ചിത്രം കൊണ്ടും, അതും കന്നിചിത്രത്തിലെ അഭിനയം കൊണ്ടു ഗോപി ഭരത് ഗോപിയായി.
എന്നാൽ അതിനുശേഷം ഗോപിയുടെ സിനിമാഭിനയ ജീവിതം വഴിമുട്ടി നിന്നു. ഇന്ത്യയിൽ മറെറാരു നടനും ഉണ്ടായിട്ടില്ലാത്ത അനുഭവമായിരുന്നു അത്. ഒരു പക്ഷേ കമേഴ്സ്യൽ സിനിമയോടു ന്യായം കാണിക്കാനുള്ള ഗോപിയുടെ വൈമുഖ്യം കൂടിയാകാം അതിനു കാരണം ഒറ്റ ചിത്രം കൊണ്ട് ഭരത് അവാർഡു നേടിയ ഒരു നടനും പിന്നീട് വർഷങ്ങളായിട്ടും ചിത്രങ്ങളൊന്നും ലഭിക്കാതിരുന്ന സംഭവം ഒരുപക്ഷേ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽത്തന്നെ ആദ്യമായിരിക്കാം.
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും, ഗോപിയെ ഏറെ നാൾ സ്ക്രീനിൽ കാണാതിരുന്നിട്ടും കാണികൾ ആ നടനെ ഓർമ്മിച്ചു എന്നതാണ് സത്യം . അതാണു ഗോപി എന്ന നടൻ ഒറ്റ ചിത്രം കൊണ്ടു നേടിയെടുത്ത പ്രസിദ്ധിയുടെ മേന്മ.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കള്ളൻ പവിത്രനിൽക്കൂടിയാണു ഗോപിയെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള അവസരം പ്രേക്ഷകർക്കു ലഭിച്ചത്.
കള്ളൻ പവിത്രനിലെ മാമച്ചനായി ഗോപി വേഷമിട്ടപ്പോൾ ആ കഥാപാത്രത്തെ സൃഷ്ടിച്ച പത്മരാജന്റെ ഭാവനക്കതീതമായി അതു വളർന്നു. ഗോപിയുടെ രൂപവും, ഭാവങ്ങളും മാമച്ചനുമായി കൂടുതൽ ഇഴുകിച്ചേർന്നു.
‘കള്ളൻ പവിത്രൻ’ പുറത്തിറങ്ങിയതോടെ ഗോപിയെ കണ്ടില്ലെന്നു നടിക്കാൻ സംവിധായകർക്കായില്ല. പ്രത്യേകിച്ച് ആ ചിത്രം സാമ്പത്തികമായി വലിയ വിജവുമായിരുന്നു. ഇതോടെയാണു ഗോപി സിനിമാരംഗത്തു തിരക്കു കുറയാത്ത നടനായിത്തീർന്നതു.
കള്ളൻ പവിത്രനു ശേഷം ഗോപി ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം കൂടി പുറത്തുവന്നു. ‘വിട പറയും മുമ്പേ’ ആ ചിത്രത്തിലെ ഡോ: തോമസ് അവിസ്മരണീയമായ ഒരു കഥാപാത്രമായിത്തീർന്നതും ഗോപി എന്ന നടന്റെ അഭിനയ ശേഷി ഒന്നുകൊണ്ടു മാത്രമായിരുന്നു. താരതമ്യേന അവസരങ്ങൾ കുറവായിരുന്നിട്ടുപോലും തോമസ് പ്രേക്ഷക ഹൃദയങ്ങളെ വശീകരിച്ചു.
ഇപ്പോൾ ഗോപിക്കും ധാരാളം മലയാള ചിത്രങ്ങളുണ്ട്. ഭരതന്റെ ‘പാളങ്ങൾ’ എന്ന ചിത്രത്തിൽ ഈ നടൻ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ
അവതരിപ്പിക്കുന്നു. എഞ്ചിൻ ഡ്രൈവർ വാസുമേനോൻ ഗോപി പുതിയൊരു പേഴ സണാലിറ്റിയോടെയാണ പാളങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതായതു വിഗ്ഗ് വച്ച് ആദ്യമായി ഈ നടൻ അഭിനയിക്കുന്നു.
പാളങ്ങൾ കൂടാതെ അരഡസനിലേറെ ചിത്രങ്ങളിൽ ഇപ്പോൾ ഗോപി അഭിനയിക്കുന്നുണ്ട്. ആ ചിത്രങ്ങളൊക്കെ ഒരു നടനെന്ന നിലയിൽ ഭരത് ഗോപിയുടെ അസാധാരണമായ പ്രതിഭ വെളിച്ചത്ത് കൊണ്ടുവരുന്നവയായിരിക്കും. ഇത്രയും ചിത്രങ്ങൾ ലഭിച്ചിട്ടുപോലും വെറും കൊമേഴ്സ്യൽ സിനിമയുടെ ഒരു ഭാഗമായി മാറാൻ ഗോപി കൂട്ടാക്കിയിട്ടില്ല. ഒരുപക്ഷേ ആ ഒരു മനഃസ്ഥിതിയായിരിക്കും ഗോപി എന്ന നടന്റെ പ്രത്യേകത. ഗോപിയുടെ വേഷങ്ങളെല്ലാം ശ്രദ്ധേയമായിത്തീരുന്നതിന്റെ കാരണവും മറെറാന്നല്ല. ശങ്കരൻകുട്ടിയും, മാമച്ചനും, ഡോക്ടർ തോമസും നമ്മെ വശീകരിച്ചു കഴിഞ്ഞു. ഇനിയും നമ്മുടെ ഹൃദയത്തെ കീഴടക്കാൻ വാസുമേനോനും അതുപോലുള്ള കഥാപാത്രങ്ങളും വരുന്നുണ്ട്. നമുക്കു കാത്തിരിക്കാം.
1982 മാർച്ചിൽ നാന സിനിമാ വാരികയിൽ എ. ജെ. ഭരത് ഗോപിയെക്കുറിച്ച് എഴുതി പ്രസിദ്ധീകരിച്ച ലേഖനം.